=====================================================
ഫെബ്രുവരി ലക്കം സംഘടിതയില്‍ പ്രസിദ്ധീകരിച്ച കവിത
=====================================================
മുല കണ്ടാല്‍
കാമം വരുന്നവരോട്.....
നാണം കൊണ്ട്
ഓടിയൊളിക്കുന്നവരോട് ....
സദാചാരത്തിന്റെ വാളുകൊണ്ട്
മുലച്ഹേദം നടത്തുന്നവരോട്.......
പെറ്റു വീണപ്പോള്‍
നിങ്ങള്‍ ആദ്യം തിരഞ്ഞത്
മുലകളെയായിരുന്നു.
മുലപ്പാല്‍
മൂക്കുമുട്ടെ കുടിക്കുമ്പോള്‍
എവിടെയുമുണ്ടായിരുന്നില്ല,
കാമം
നാണം
സദാചാരം
ജീവന്‍ തന്നത്
പെണ്ണിന്റെ മുലയും പാലും
പാലൂറ്റിക്കുടിച്ചു
ജീവന്‍ വച്ചപ്പോള്‍
മുലകള്‍ നിങ്ങള്‍ക്ക്
അശ്ലീലമായി !
ലൈംഗികതയായി !
മുലക്കച്ചയണിയിച്ച്
മാറ് മറപ്പിച്
നിങ്ങള്‍ കാത്തത്
സമുദായത്തിന്റെ മാനമാണുപോല്‍ !
മുറുക്കിക്കെട്ടിയത്
പെണ്ണിന്റെ സ്വാതന്ത്ര്യവും
കച്ചകെട്ടുകള്‍ക്കപ്പുറം
സ്വാതന്ത്ര്യം തേടിയവരുടെ
മുലകള്‍ ച്ഹേദിച്ചു
സദാചാര ലക്ഷ്മണന്മാര്‍ !
പിന്നെയെപ്പോഴോ
മുലകള്‍ നിങ്ങള്‍ക്ക്
അടങ്ങാത്ത ജിജ്ഞാസയായി .....
കാമമായി .....
ഭ്രാന്തായി .....
കണ്ണുകള്‍ ഒളിക്യാമറകളാക്കി
നിങ്ങള്‍ മുലകള്‍ തേടി നടന്നു
ഇരുട്ടിന്റെ മറവില്‍
കച്ചകള്‍ നിങ്ങള്‍ വലിച്ചു കീറി
മുലകള്‍ നിങ്ങള്‍ കടിച്ചു കീറി
അടങ്ങാത്ത കാമത്തിന്റെ
ദാഹം ശമിപ്പിക്കാന്‍
ഒരിക്കല്‍ പാലൂട്ടിയ
മുലകളില്‍ നിന്ന്
നിങ്ങള്‍ ഇപ്പോഴും
രക്തമൂറ്റിക്കുടിച്ചുകൊണ്ടേയിരിക്കുന്നു....
=====================================================
No comments:
Post a Comment